പാലാ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ എസ് എം വൈ എം - കെ സി വൈ എം പാലാ രൂപത വെർച്വൽ സമരം സംഘടിപ്പിച്ചു. അനിയന്ത്രിതമായ പെട്രോൾ - ഡീസൽ വിലവർദ്ധനവ്, പ്രവാസികൾക്കുള്ള നിർബന്ധിത കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ്, വൈദ്യുതി വില വർദ്ധനവ് എന്നീ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ മുൻനിർത്തി നടത്തിയ പ്രതിഷേധ സമരം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു.
ജനിച്ചു വളർന്ന സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസി സഹോദരങ്ങളെ ദ്രോഹിക്കുന്ന സർക്കാർ നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു. കോവിഡ് പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ച പ്രസിഡന്റ് ബിബിൻ ചാമക്കാലായിൽ, കോവിഡ് കാലത്ത് നട്ടംതിരിയുന്ന ജനങ്ങൾക്ക് സർക്കാരുകൾ ഏൽപ്പിക്കുന്ന ഉപദ്രവങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്ന് കുറ്റപ്പെടുത്തി. അനീതിക്കും ഉച്ചനീചത്വങ്ങൾക്കെതിരെ എന്നും ശബ്ദമുയർത്തുന്ന ക്രൈസ്തവ യുവജനപ്രസ്ഥാനം കക്ഷിരാഷ്ട്രീയത്തിനതീതമായി സാമൂഹ്യ വിഷയങ്ങളിൽ ക്രിസ്തീയ ധാർമികത യോടെ ഇനിയും ശക്തമായി ഇടപെടും എന്ന് പ്രഖ്യാപിച്ചു. സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനാധിപത്യപരമായ പ്രതിഷേധം ഇനിയും ഇന്ത്യയിൽ ഉയർന്നു വന്നില്ലെങ്കിൽ എൻജിൻ വണ്ടികൾ ഓടിക്കാതെയും വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കാതെയുമുള്ള കാളവണ്ടിയുടെ ശിലായുഗത്തിലേക്ക് മടങ്ങേണ്ടിവരുമെന്ന് പ്രസിഡന്റ് ഓർമ്മിപ്പിച്ചു. വെർച്വൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ യൂണിറ്റുകളിൽ നിന്ന് ഘട്ടംഘട്ടമായി സൈക്കിൾ ചവിട്ടി എത്തി പ്രതിഷേധിച്ചു.
എസ് എം വൈ എം -കെ സി വൈ എം പാലാ രൂപത പ്രസിഡന്റ് ബിബിൻ ചാമക്കാലായിൽ, ജനറൽ സെക്രട്ടറി മിജോയിൻ വലിയകാപ്പിൽ, കേരള റീജിയണൽ കൗൺസിലർ ആൽവിൻ ഞായർകുളം, സെക്രട്ടറി റോബിൻ താന്നിമലയിൽ, എക്സിക്യൂട്ടീവ് അംഗം കെവിൻ മൂങ്ങാമാക്കൽ എന്നിവർ പ്രസംഗിച്ചു



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.