Subscribe Us



ജീവനക്കാരന് കോവിഡ്; പാലാ നഗരസഭാ കാര്യാലയം അടച്ചു, അതീവ ജാഗ്രതാ നിർദ്ദേശം

പാലാ : നഗരസഭയിലെ ജീവനക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ പാലാ നഗരം ഭീതിയുടെ നിഴലിലായി.നഗരസഭാ റവന്യൂവിഭാഗം ജീവനക്കാരനായ 28 വയസുകാരനാണ് പരിശോധനാ ഫലം പോസിറ്റീവായിരിക്കുന്നത്.കോട്ടയം താഴത്തങ്ങാടി സ്വദേശിയാണ്. ഇദ്ദേഹത്തിന് എവിടെനിന്ന് രോഗം പിടിപെട്ടു എന്നത് കണ്ടെത്താനായിട്ടില്ല. ഇത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. ഈ മാസം 9നാണ് അവസാനമായി ഇദ്ദേഹം ഓഫീസിലെത്തിയത്. ബുധനാഴ്ച വൈകിട്ട് മുതല്‍ തലവേദന അനുഭവപ്പെട്ടിരുന്നെങ്കിലും വ്യാഴാഴ്ചയും ഓഫീസില്‍ എത്തി.രാവിലെതന്നെ കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉച്ചകഴിഞ്ഞ് അവധിയെടുത്ത് വീട്ടിലേക്ക് പോയി. 

പിന്നീട് ശനിയാഴ്ച എത്തി പാലാ ജനറള്‍ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററില്‍ സ്രവം പരിശോധനക്ക് നല്‍കിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ലഭിച്ചത്. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇദ്ദേഹത്തോട് ഒറ്റക്ക് കഴിയാൻ നിര്‍ദ്ദേശം നല്‍കി.വൈകിട്ടോടെയാണ്  ആശുപത്രിയിലേക്ക് മാറ്റിയത്.
        
പാലാ നഗരസഭയുടെ കീഴിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ ചുമതല ഈ ജീവനക്കാരനായിരുന്നു. ഭക്ഷണം, താമസസൗകര്യം, അടിസ്ഥാന സൗകര്യം തുടങ്ങിയ ചുമതലയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ബസിൽ യാത്ര ചെയ്താണ് ഈ ജീവനക്കാരൻ ഓഫീസിൽ ദിവസേന എത്തിയിരുന്നത്. അതിനാല്‍ രോഗം എവിടെനിന്ന് കിട്ടിയെന്നതിനെ സംബന്ധിച്ച് ദുരൂഹത തുടരുകയാണ്.

കേവിഡ് 19 സ്ഥിരീകരിച്ചതോടെ പാലാ നഗരസഭയും പരിസരപ്രദേശവും അടച്ച് ഒരാഴ്ചത്തേയ്ക്ക്. നഗരസഭാ കാര്യാലയം 2 തവണ ശുചീകരിച്ചു.യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കപട്ടിക പുറത്തുവിട്ടു. 100 പേരോളം പ്രാഥമിക പട്ടികയിലുണ്ട്. നഗരസഭാ ജീവനക്കാരും കൗണ്‍സിലര്‍മാരും ഇതിലുള്‍പ്പെടും. വ്യാഴാഴ്ച ഉച്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവാവ് ഓഫീസിന്റെ ഏറ്റവും അറ്റത്തുള്ള ഇരിപ്പിടമായിരുന്നു ഉപയോഗിച്ചിരുന്നത്. അതിനാല്‍ നിരവധി ജീവനക്കാരുടെ ഇടയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. അടുത്തിടപഴകിയ ജീവനക്കാരെ ക്വാറന്റൈനില്‍ വിടും.

ഒരാഴ്ചയ്ക്കുള്ളില്‍ കൗണ്‍സിലര്‍മാരുടെയും ജീവനക്കാരുടെയും സ്രവങ്ങള്‍ പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണം കണ്ടാല്‍ സ്രവപരിശോധനക്ക് വിധേയരാകണമെന്നും നഗരസഭയുമായി ബന്ധപ്പെട്ടവര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
      കഴിഞ്ഞ ഒരാഴ്ച നഗരസഭയിലെത്തിയ പൊതുജനം ഉള്‍പ്പെടെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചുട്ടുണ്ട്. പനി, ജലദോഷം, ശ്വാസംമുട്ടല്‍, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പും നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക്കും അറിയിച്ചിട്ടുണ്ട്. നഗരസഭയിലെ ഒരു ആശാവര്‍ക്കര്‍ക്ക് രണ്ടാഴ്ച മുമ്പ് കോവിഡ്-19 ബാധിച്ചിരുന്നു. എന്നാല്‍ ക്വാറന്റൈന്‍ കാലാവധിയിലായതിനാല്‍ സമ്പര്‍ക്കപട്ടിക ഇല്ലായിരുന്നു. ഇവര്‍ ഇപ്പോഴും ചികിത്സയിലായിരുന്നു.കോവിഡ്-19 പാലായില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജന അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പാലാ ഡിവൈഎസ്പി കെ.ബൈജുകുമാര്‍ അറിയിച്ചു.സാമൂഹ്യ അകലം പാലിക്കാത്തവര്‍ക്കെതിരെയും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
          
നഗരസഭാ ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ നഗരത്തിലെത്തുന്നവര്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കണമെന്നും വിപുലമായ സമ്പര്‍ക്കപട്ടിക ഉള്ളതിനാല്‍ രോഗലക്ഷണം ഉള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്നും സാമൂഹ്യാകലം, മാസ്‌ക്, സാനിട്ടൈസര്‍ തുടങ്ങിയ കരുതലുകള്‍ സ്വീകരിക്കണമെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു സി. മാത്യുവും അറിയിച്ചു.

Post a Comment

0 Comments