Subscribe Us



മല്ലികശ്ശേരിയിലെ കക്കാചൂള ഒരു ജനതയുടെ ഉറക്കം കെടുത്തുന്നു

പാലാ: പാലയ്ക്ക് സമീപം എലിക്കുളം പഞ്ചായത്തിലെ മല്ലികശ്ശേരിയിലെ കക്കാ ചൂളയിൽ നിന്നുള്ള അതിതീവ്ര ദുർഗന്ധംമൂലം കഷ്ടപ്പെടുകയാണ് മല്ലികശ്ശേരിക്ക് പത്തു കിലോമീറ്ററോളം ചുറ്റളവിലുള്ള ജനങ്ങൾ. ചാത്തൻകുളം, വിളക്കുമാടം, പൂവത്തോട് , ചീങ്കല്ല്, വിലങ്ങുപാറ, പൈക, പൂവരണി എന്നിങ്ങനെ മല്ലികശ്ശേരി ചുറ്റി ഏകദേശം 10 കിലോമീറ്ററുകളോളം വ്യപ്തിയിൽ രാത്രി കാലങ്ങളിൽ മനുഷ്യ ശരീരം കത്തുമ്പോഴുണ്ടാകുന്ന തരത്തിലുള്ള അതിതീവ്ര ദുർഗന്ധമാണിവിടെയെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പകൽ സമയം ചൂള പ്രവർത്തിക്കുന്നുണ്ട് എങ്കിലും കത്തിയ്ക്കുന്നത് രാത്രിയിൽ മാത്രം ആയതുകൊണ്ട്  പലപ്പോഴും പകൽ നടക്കുന്ന പരിശോധനകളിൽ നിന്നും രക്ഷപെടുകയാണ്. രാത്രിയിൽ അതി രൂക്ഷമായദുർഗന്ധം ചുറ്റുവട്ടത്തിലുള്ള ജനങ്ങളുടെ ഉറക്കം നഷ്ടപെടുത്തുന്നു.

ഇത് സംബന്ധിച്ച് എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളിലും സ്ഥലം എം. എൽ.എ മാണി സി കാപ്പനും പരാതി നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.

സ്വകാര്യ വ്യക്തി നടത്തുന്ന കക്കാ ചൂള അടച്ചു പൂട്ടണമെന്ന ഉദ്ദേശം തങ്ങൾക്കില്ലെന്നും ദുർഗന്ധവും മലിനീകരണവും ഇല്ലാതായാൽ മതിയെന്നും ശുദ്ധവായു കിട്ടാൻ ബുദ്ധിമുട്ടുന്നതിനാൽ കുട്ടികൾക്കുൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നും പലർക്കും ഇൻഹെയ്‌ലറുകൾ ഉപയോഗിക്കേണ്ടി വരുന്നുവെന്നും സമീപവാസികൾ പരാതിപ്പെടുന്നു. മുഖ്യമന്ത്രി, കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാൻ ഒരുങ്ങിയിരിക്കുകയാണ് നാട്ടുകാർ.

Post a Comment

0 Comments