Subscribe Us



രാമപുരത്ത് ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ചു പണം തട്ടിയെടുത്തതായി പരാതി; പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭാര്യ നടത്തുന്ന കടയിലാണ് തട്ടിപ്പ്

രാമപുരം : കട ഉടമ സ്ഥലത്തില്ലാത്ത സമയത്ത് ജീവനക്കാരിയെ കബളിപ്പിച്ചു 33000 രൂപാ തട്ടിയെടുത്തതായി പരാതി. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നുമാണ് 33000 രൂപ വിദഗ്ധമായി തട്ടിയെടുത്ത് യുവാവ് രക്ഷപെട്ടത്. 

രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപമുള്ള എയ്ഞ്ചല്‍ ബ്യൂട്ടീക് എന്ന ടെക്‌സ്റ്റൈല്‍സിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞദിവസം ഉച്ചക്കായിരുന്നു സംഭവം. 

45 വയസോളം പ്രായം തോന്നിക്കുന്ന ഒരാള്‍ ബൈക്കില്‍ കടയിലെത്തി. ഈസമയം ഒരു ജീവനക്കാരി മാത്രമേ കടയില്‍ ഉണ്ടായിരുന്നുള്ളു. കടയുടമയെ ഫോണില്‍ വിളിക്കുന്നതായി നടിച്ച തട്ടിപ്പുകാരന്‍ കടയുടമ പറഞ്ഞിട്ടാണെന്ന് പറഞ്ഞ് ജീവനക്കാരിയോട് തുക ആവശ്യപ്പെടുകയായിരുന്നു. 40000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. ജീവനക്കാരിക്ക് സംശയം തോന്നിയപ്പോള്‍ വീണ്ടും കടയുടമയെ വിളിക്കുന്നതായി ഭാവിച്ചു. തുടര്‍ന്ന് മേശയിലുള്ള പൈസ കൊടുക്കാന്‍ കടയുടമ നിര്‍ദ്ദേശിച്ചതായി തട്ടിപ്പുകാരന്‍ ജീവനക്കാരിയോട് പറഞ്ഞു. ഇതോടെ ജീവനക്കാരി അപ്പോള്‍ മേശയിലുണ്ടായിരുന്ന 33000 രൂപ കൊടുക്കുകയായിരുന്നുവത്രെ. 

പണം വാങ്ങിയ തട്ടിപ്പുകാരന്‍ അതിവേഗം ബൈക്ക് ഓടിച്ചു പോയി. ഒരു മണിക്കൂര്‍ കഴിഞ്ഞ് കടയുടമ ബബിത ബൈജു കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഉടന്‍ രാമപുരം പോലീസില്‍ പരാതിപ്പെടുകയും രാമപുരം പോലീസ് സമീപസ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയെങ്കിലും തട്ടിപ്പുകാരനെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. 

അന്വേഷണം ഊര്‍ജ്ജിതമായി നടന്നുവരുകയാണെന്ന് രാമപുരം എസ്‌ഐ സെബാസ്റ്റ്യന്‍ പറഞ്ഞു. സമീപത്തെ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. 

സമാന രീതിയില്‍ കഴിഞ്ഞവര്‍ഷം പാലായിലേയും ഈരാറ്റുപേട്ടയിലേയും വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ തട്ടിപ്പ് നടന്നിരുന്നു.

Post a Comment

0 Comments