Subscribe Us



പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ദുരുപയോഗിച്ച പന്തത്തല സ്വദേശിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു

പാലാ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ദുരുപയോഗിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പാലാ പോലീസ് അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും പോലീസ് അറിയിച്ചു. 

പന്തത്തല സ്വദേശിയായ ജിഷ്ണുവിനെതിരെയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രതി ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.

അയൽപക്ക സൗഹൃദം മുതലെടുത്തു പെൺകുട്ടിയെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ചൈൽഡ് ലൈനു പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്നു ചൈൽഡ്‌ലൈൻ പ്രവർത്തകർ പന്തത്തലയിൽ എത്തി വിവരം ശേഖരിച്ചിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ എത്തിയപ്പോൾ പെൺകുട്ടി വീട്ടിലില്ലായിരുന്നു. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ചു സംശയം ഉളവായ സാഹചര്യത്തിൽ വിഷയം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ പരിഗണനയ്ക്കു ചൈൽഡ് ലൈൻ കൈമാറിയ വിവരം 'പാലാ ടൈംസ്' നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു.

തുടർന്നു പാലാ പോലീസിനു ചൈൽഡ് വെൽഫയർ കമ്മിറ്റി പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പാലാ പോലീസ് പന്തത്തലയിൽ എത്തി വിവരം ശേഖരിക്കകയും ചെയ്ത ശേഷമാണ് കേസെടുത്തത്. ദുരുപയോഗത്തെത്തുടർന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്നും പാലാ പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ചു ഏതാനും ആഴ്ചകളായി മുത്തോലി പന്തത്തലയിൽ വ്യാപകമായ സംസാരം നിലനിന്നിരുന്നു. തുടർന്നാണ് ചൈൽഡ് ലൈനിൽ പരാതി എത്തുനത്.

രാഷ്ട്രീയ സാമൂഹ്യ രംഗത്ത് സ്വാധീനമുള്ള കുടുംബത്തിലെ അംഗമാണ് പ്രതിയെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലമാണ് പോലീസ് നടപടി വൈകിയതെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്. പ്രതിയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടു.

Post a Comment

0 Comments