പാലാ : കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പാലാ രൂപതയുടെ നേതൃത്വത്തിൽ പാലാ സമരിറ്റൻസ് എന്ന പേരിൽ കോവിഡ് ടാസ്ക് ഫോഴ്സ് തയ്യാറായിക്കഴിഞ്ഞു. രൂപതയിലെ എല്ലാ ഭാഗത്തും വോളണ്ടിയേഴ്സിനെ വിന്യസിക്കത്തക്ക വിധത്തിൽ 17 ഫൊറോനകളിൽ നിന്നും ഓരോ വൈദികനും ഓരോ അല്മായ നേതാവും നേതൃത്വം നൽകത്തക്ക വിധത്തിലാണ് ക്രമീകരണം ചെയ്തിട്ടുള്ളത്.
പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദ്ദേശാനുസരണം എ. കെ. സി. സി., ഡി. സി. എം. എസ്., കുടുംബക്കൂട്ടായ്മ, വിശ്വാസ പരിശീലകർ, പിതൃവേദി, സ്വാശ്രയ- കർഷക സംഘങ്ങൾ, എസ്. എം. വൈ. എം. - കെ. സി. വൈ. എം. എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഫോഴ്സ് റെഡി ആയിരിക്കുന്നത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് 20 പേരടങ്ങുന്ന വൈദികരുടെയും അല്മായരുടെയും രണ്ട് സംഘങ്ങൾക്ക് പാലാ ബിഷപ്സ് ഹൗസിൽ വച്ച് പ്രത്യേക ട്രെയിനിങ് നൽകി. കോട്ടയം ഡി.എം.ഒ. യുടെയും പാലാ ജനറൽ ആശുപത്രിയുടെയും നേതൃത്വത്തിലുള്ള ആരോഗ്യ വിദഗ്ധരാണ് ക്ലാസുകൾ നയിച്ചത്.
രോഗത്തിന്റെ പ്രത്യേകതകൾ, രോഗം വരാതെ സൂക്ഷിക്കേണ്ട വിധം, സോഷ്യൽ ഡിസ്റ്റൻസിംഗ്, മാസ്ക് കൃത്യമായി ഉപയോഗിക്കേണ്ട വിധം, കൈകഴുകേണ്ട ശാസ്ത്രീയ രീതി, രോഗവ്യാപനം ഉണ്ടായാൽ ഓരോ പ്രദേശങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, രോഗികളുള്ള വീടുകളിലും പരിസരങ്ങളിലും വേണ്ട കരുതലുകൾ, രോഗികൾ സൂക്ഷിക്കേണ്ട വിധം, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആരോഗ്യ ശീലങ്ങൾ, കോവിഡ് ബാധിച്ചു രോഗികൾ മരിക്കാൻ ഇടയായാൽ മൃത സംസ്കാര ശുശ്രൂഷകൾ മതിയായ കരുതലുകളോടെ നടത്തേണ്ട വിധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ക്ലാസുകളിൽ വിശദമായി പ്രതിപാദിക്കപ്പെട്ടു.
പി പി ഇ കിറ്റ് ധരിക്കുന്നതിന് പ്രത്യേകമായ പരിശീലനം നൽകി. രൂപതയ്ക്കുള്ളിൽ ക്രിസ്ത്യാനികളുടെ ഇടയിൽ മാത്രമല്ല, അക്രൈസ്തവ സഹോദരങ്ങൾക്കും വേണ്ടിവന്നാൽ രൂപതയ്ക്ക് വെളിയിലും ഈ ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ സമരിറ്റൻസിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ബിഷപ്പ് നിർദ്ദേശിച്ചു.
രോഗത്തെ ഭയന്ന് ഓടി ഒളിക്കുക അല്ല, ജാഗ്രതയോടെ സമൂഹമൊന്നാകെ വേണ്ട കരുതലുകളോടുകൂടി നേരിടുകയാണ് വേണ്ടത് എന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. സഹായമെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, വികാരി ജനറാൾമാർ, സംഘടനകളുടെ ഡയറക്ടർമാർ, ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ബോധവൽക്കരണത്തിനായി ഫോഴ്സിലെ അംഗങ്ങൾ തയ്യാറാണെന്ന് സംഘാടകർ അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.