Subscribe Us



പാലായിൽ യുവാവിന് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ അവ്യക്തത; നിജസ്ഥിതി അറിയാൻ അന്വേഷണം അനിവാര്യം

പാലാ: പാലായിൽ യുവാവിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന സംഭവത്തിൽ അവ്യക്തത. മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാട് സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചുവെന്നു വിവരം ലഭിച്ചതിനെത്തുടർന്നു ഇദ്ദേഹം ജോലി ചെയ്യുന്ന മുരിക്കുംപുഴയിൽ സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചിരുന്നു. കൂടാതെ ഇയാളുടെ സമ്പർക്കപട്ടികയും തയ്യാറാക്കിയിരുന്നു. ഇതോടെ നഗരം ആശങ്കയിലായി. 

കോട്ടയം മെഡിക്കൽ കോളജിലെ പരിശോധനയിൽ ഫലം പോസിറ്റീവായെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. എന്നാൽ മാർ സ്ലീവാ ആശുപത്രിലെ ടെസ്റ്റിൽ നെഗറ്റീവായി. സ്വകാര്യ സ്ഥാപനത്തിലെ പരിശോധനാ ഫലം നെഗറ്റീവായതോടെ ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവായതോടെ ഇയാൾക്കു 14 ദിവസത്തെ ഹോം ക്വാറൈറ്റീൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നു 5 ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു.

ഇയാളോടൊപ്പം ബന്ധപ്പെട്ടവരുടെ ആൻ്റിജൻ പരിശോധനാ ഫലവും നെഗറ്റീവായി.

മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയ്ക്കു പിന്നാലെ നടന്ന രണ്ടു പരിശോധനകളിലും ഫലം നെഗറ്റീവായതോടെ അവ്യക്തതയിൽ ആളുകൾ സംശയം പ്രകടിപ്പിച്ചു. ആൻ്റിജൻ പരിശോധനാ ഫലം നെഗറ്റീവായതും അവ്യക്ത കൂടുതൽ ബലപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഈ യുവാവിൻ്റെ അതേ പേരിൽ മറ്റൊരു യുവാവും ഇതേ സമയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും പ്രായം തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്.

അതേസമയം പാലായിൽ കോവിഡ് സ്ഥിരീകരിച്ചെന്ന് പറയുന്ന വ്യക്തി അബോധാവസ്ഥയിലായിരുന്നതിനാൽ കോവിഡ് ശ്രവ പരിശോധന നടത്തിയതു സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. മെഡിക്കൽ കോളജിൽ വച്ചു ബോധം വന്നപ്പോൾ അവിടെ തുടരാൻ സാധ്യമല്ലെന്നു എഴുതി നൽകിയ ശേഷമാണ് യുവാവ് ചേർപ്പുങ്കൽ മെഡിസിറ്റിയിൽ ചികിത്സ തേടിയത്. അപ്പോൾ നടത്തിയ പരിശോധനയിലാണ് ഫലം ആദ്യം നെഗറ്റീവായത്. മെഡിക്കൽ കോളജിലെ പരിശോധന സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ നിജസ്ഥിതി പുറത്തു വരുകയുള്ളൂ.

Post a Comment

0 Comments