Subscribe Us



നിലവിലില്ലാത്ത നീലൂർ കുടിവെള്ള പദ്ധതിയെക്കുറിച്ച് കടനാട് പഞ്ചായത്ത് കമ്മിറ്റി ഇന്ന് ചർച്ച ചെയ്യുന്നു; രാമപുരം പദ്ധതി ഇല്ലാതാക്കാനുള്ള നീക്കമെന്ന് ആക്ഷേപം

പാലാ: നിർദിഷ്ട രാമപുരം കുടിവെള്ള പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ആക്ഷേപമുയരുന്നു. കുടിവെള്ള പദ്ധതിയുടെ പേര് സംബന്ധിച്ചു വിവാദമുണ്ടാകുകയും തുടർന്ന് മാണി സി കാപ്പൻ എം എൽ എ സർക്കാർ ഉത്തരവ് പുറത്തുവിട്ടു പദ്ധതിയുടെ പേര് രാമപുരമാണെന്നു വ്യക്തമാക്കുകയും ചെയ്തതിനു പിന്നാലെ നിലവിൽ ഇല്ലാത്ത നീലൂർകുടിവെള്ളപദ്ധതിയെക്കുറിച്ച് ഇന്ന് ചേരുന്ന കടനാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്യും. ഇല്ലാത്ത പേര് സംബന്ധിച്ചു വീണ്ടും വിവാദമുണ്ടാക്കി പദ്ധതിക്കു തുരങ്കം വയ്ക്കാനുള്ള നീക്കമാണിതിനു ഇതിന് പിന്നിലെന്നാണ് ആക്ഷേപം. 

രാമപുരം കുടിവെള്ളപദ്ധതിയുടെ പേര് നീലൂർ കുടിവെള്ളപദ്ധതി എന്നു മാറ്റണമെന്ന് ഇടതു മുന്നണി ഭരിക്കുന്ന കടനാട് പഞ്ചായത്തു കമ്മിറ്റി പ്രമേയം ഇന്ന്  പാസാക്കുമെന്ന് സൂചനയുണ്ട്. നിലവിൽ സർക്കാർ രേഖകളിലെല്ലാം രാമപുരം പദ്ധതി എന്നുള്ളതിനാൽ കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ഈ നീക്കം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു തന്നെ ഭീഷണിയാകുമെന്ന് ആശങ്ക ഉയർന്നു കഴിഞ്ഞു. ഇടതു മുന്നണി ഭരിക്കുന്ന മറ്റു പഞ്ചായത്തുകൾ ഇതിനെ പിൻതുടർന്ന് പേരുമാറ്റ പ്രമേയം അവതരിപ്പിച്ചാൽ യു ഡി എഫ് പഞ്ചായത്തുകൾ രാമപുരം എന്ന പേര് നിലനിർത്തണമെന്ന ആവശ്യമുന്നയിക്കാനും സാധ്യതയുണ്ട്. ഇത് പദ്ധതിയെ അപ്പാടെ തകിടം മറിക്കാനും കാരണമായേക്കും. 

ഇല്ലാത്ത പദ്ധതിയുടെ പേര് ഉയർത്തി കടനാട് പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച വന്നിരിക്കുന്നതുതന്നെ ദുരൂഹത ഉയർത്തിക്കഴിഞ്ഞു. ഏതു പേരാണെങ്കിലും പദ്ധതി നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്നതിന് പകരം വിവാദം സൃഷ്ടിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപണം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഇക്കാലമത്രയും പേര് സംബന്ധിച്ചു പ്രശ്നമുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കടനാട് പഞ്ചായത്തിൻ്റെ നീക്കം അനവസരത്തിലുള്ളതാണെന്നു ആക്ഷേപമുണ്ട്. സർക്കാർ രേഖകളിൽ നിലവിൽ രാമപുരം പദ്ധതി എന്നു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കുടിവെള്ളക്ഷാമം രൂക്ഷമായ കടനാട്ടിൽ പഞ്ചായത്ത് കമ്മിറ്റിയുടെ ഇത്തരം നിലപാടുകൾ ജനവിരുദ്ധമാണെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

പദ്ധതിയുടെ 50 ശതമാനം ചിലവ് വഹിക്കുന്നത് കേന്ദ്ര സർക്കാരാണ്. 25 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 10 ശതമാനം ഉപഭോക്താക്കളുമാണ് വഹിക്കുന്നത്. പേരിലല്ല പദ്ധതിക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് മാണി സി കാപ്പൻ എം എൽ എ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. പേര് ഏതായാലും പദ്ധതി പൂർത്തീകരിക്കുകയാണ് വേണ്ടെതെന്നും എം എൽ എ ആവശ്യപ്പെട്ടിരുന്നു.

മുൻ മന്ത്രി എൻ എം ജോസഫ് വിഭാവനം ചെയ്ത പദ്ധതിയാണ് നീലൂർകുടിവെള്ളപദ്ധതി. പിന്നീട് പദ്ധതിയുടെ പേര് രാമപുരം പദ്ധതി എന്നാക്കി മാറ്റിയിരുന്നു. മാണി സി കാപ്പൻ എം എൽ എ ആയതോടെ വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതി പുന:ജ്ജീവിപ്പിക്കാൻ നടപടിയെടുത്തു. ഇക്കാര്യം ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നപ്പോൾ നീലൂർ പദ്ധതിയുടെ നടപടി എവിടംവരെയായി എന്നു എം എൽ എ ആരാഞ്ഞു. അപ്പോൾ ഉദ്യോഗസ്ഥരാണ് പദ്ധതിയുടെ പേര് രാമപുരം എന്നാക്കി മാറ്റിയ വിവരം എം എൽ എ യെ അറിയിച്ചത്. തുടർന്ന് പദ്ധതിയ്ക്കു 13 ഘനയടി ജലമേ ഡാം അതോററ്റി നൽകൂവെന്നതിനാൽ പദ്ധതി പൂർണ്ണമാക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 50 ഘനയടി ജലം ഒഴുക്കിക്കളയുന്ന ഡാം അതോററ്റി ആവശ്യമായ ജലം പദ്ധതിക്കു ലഭ്യമാക്കണമെന്ന് മാണി സി കാപ്പൻ ആവശ്യമുന്നയിക്കുകയും ഇതേത്തുടർന്ന് പരിശോധനകൾക്കും ചർച്ചകൾക്കും ഒടുവിൽ 30 ഘനയടി ജലം പദ്ധതിക്കു ലഭ്യമാക്കാൻ തീരുമാനിക്കുകയായിരുന്നു. 

പാലായിലെ പത്തോളം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സഹായകമായ ഈ പദ്ധതിക്ക് കേന്ദ്ര ജലജീവൻ മിഷൻ പദ്ധതി അംഗീകാരം നൽകുകയും ചെയ്തു. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ ധൃതഗതിയിൽ മുന്നോട്ട് നീങ്ങുമ്പോളാണ് പദ്ധതിയുടെ പേര് മാറ്റമെന്ന ആവശ്യവുമായി കടനാട് പഞ്ചായത്ത് രംഗത്ത് വന്നത് പദ്ധതിയുടെ നടപടി ക്രമങ്ങൾ തടസ്സപ്പെടുത്താനാണെന്ന ആക്ഷേപം വ്യാപകമായി ഉയർന്നുകഴിഞ്ഞു.

ഇതേ സമയം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ നാല് പഞ്ചായത്തുകളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അവസാനഘട്ടത്തിലാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇതിനു പിന്നിലും രാഷ്ട്രീയ ലക്ഷ്യമാണെന്ന ആരോപണം ശക്തമാണ്. ഈ ആവശ്യം പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നിലവിലുള്ള പഞ്ചായത്തുകൾ എതിർപ്പ് പ്രകടിപ്പിക്കുമെന്ന് ഉറപ്പാണ്. തർക്കം ഉടലെടുത്താൽ പദ്ധതിതന്നെ അനിശ്ചിതത്വത്തിലാവാനാണ് സാധ്യത. ഇത് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കം ഇതിനു പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. 

പാലായിലെ പത്ത് പഞ്ചായത്തുകളെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കി ആവശ്യമായ ജലലഭ്യത ഉറപ്പാക്കി അംഗീകാരം നേടിയ പദ്ധതിയിൽ അവസാനഘട്ടത്തിൽ കൂടുതൽ പഞ്ചായത്തുകളെ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിക്കുന്നത് പദ്ധതിയെ തകിടം മറിക്കാനാണെന്ന ആശങ്ക ഉയർത്തിക്കഴിഞ്ഞു.

Post a Comment

0 Comments