Subscribe Us



വാട്ടർ കണക്ഷൻ കുടിശ്ശികയിൽ കൈ പൊള്ളി പാലാ നഗരസഭ; നിലച്ചുപോയ ശൗചാലയങ്ങൾക്കുൾപ്പെടെ ഏഴു കോടിയോളം ബാധ്യത

 പാലാ ടൈംസ് എക്സ്ക്യൂസീവ്

പാലാ: അമ്യൂസ്മെൻ്റ് പാർക്കുകളിൽ കയറണമെങ്കിൽ ഒരാൾക്കു ആയിരം രൂപയോളം മുടക്കണം. എന്നാൽ പാലായിലെ പൊതു ഇടങ്ങളിലുള്ള ശൗചാലയങ്ങളിൽ കയറണമെങ്കിൽ നാലോ അഞ്ചോ രൂപ മുടക്കിയാൽ മതിയാകും. കോടികൾ മുടക്കിയ അമ്യൂസ്മെൻറ് പാർക്കിൽ കയറിയ ഗുമ്മൊന്നും പാലായിലെ ശൗചാലയങ്ങൾക്കു ഇല്ലെന്നു പറയാൻ വരട്ടെ. പാലായിലെ ശൗചാലയങ്ങൾ പ്രവർത്തിച്ചതിനു വാട്ടർ അതോററ്റിക്കു പാലാ നഗരസഭ നൽകാനുള്ള കുടിശ്ശിഖ തുക അറിഞ്ഞാൽ അമ്യൂസ്മെൻ്റ് പാർക്കുകളെക്കാൾ വില പിടിപ്പുള്ള സ്ഥാപനത്തിലാണ് നാലോ അഞ്ചോ രൂപ മുടക്കി നിങ്ങൾ കയറിയതെന്ന് മനസിലാകും. ഈ കുടിശ്ശിഖ തുക ഏഴു കോടി രൂപയോളം വരും. പാലായിലെ വിലപിടിച്ച ശൗചാലയത്തിൽ നാലോ അഞ്ചോ രൂപയ്ക്കു കയറാൻ സാധിച്ചാൽ അതിൻ്റെ ലെവൽ വേറെയാണ്. 
പാലാ നഗരസഭയുടെ കീഴിലുള്ള  ശൗചാലയങ്ങളുടെ  ഉൾപ്പെടെയുള്ള 26 ഓളം കണക്ഷനുകളുടെ ആകെ കുടിശ്ശികയാണ് ഏഴു കോടിയോളം രൂപ. കൃത്യമായി പറഞ്ഞാൽ 6,619,800 രൂപ വരും. ഇതാവശ്യപ്പെട്ടു കേരളാ വാട്ടർ അതോറിറ്റി നഗരസഭയ്ക്കു നോട്ടീസ് നൽകി കഴിഞ്ഞു.

നോട്ടീസ് കിട്ടിയ നഗരസഭ ഞെട്ടി. നെട്ടോട്ടമായി, അന്വേഷണമായി. 26 കണക്ഷനുകളിൽ പകുതിയും പ്രവർത്തിക്കുന്നില്ല. പതിറ്റാണ്ടു മുമ്പ് നിലച്ചുപോയ നാലു ശൗചാലങ്ങൾക്കു കഴിഞ്ഞ മാസം വരെ വാട്ടർ അതോറിറ്റി ബില്ല് നൽകിയിട്ടുണ്ട്. 50 ലക്ഷം മുതലാണ് ഓരോന്നിൻ്റെയും തുക. വാട്ടർ അതോറിറ്റിയുടെ കണക്കിൽ കണക്ഷൻ നിലവിൽ ഉണ്ടെന്നതാണ് കാരണം. ശൗചാലയം നിർത്തലാക്കിയെങ്കിലും കണക്ഷൻ നഗരസഭ റദ്ദാക്കാത്തതാണ് നഗരസഭയ്ക്കു വിനയായത്. മീറ്റർ വച്ചല്ല ഇത്തരം കണക്ഷനുകൾ എന്നതാണ് അപാകത. സ്ഥാപിക്കുന്ന പൈപ്പിൻ്റെ വ്യാസത്തിനനുസരിച്ചു 24 മണിക്കൂറും കടന്നു പോകുന്ന വെള്ളത്തിൻ്റെ അളവ് കണക്കാക്കിയാണ് വാട്ടർ അതോറിറ്റി ബില്ല് ചാർജ് ചെയ്യുന്നത്. ഇങ്ങനെ കണക്കാക്കുന്ന വെള്ളത്തിൻ്റെ അളവ് അമ്പതിനായിരം ലിറ്റർ കവിഞ്ഞാൽ 1000 ലിറ്ററിന് 1100 രൂപയാണ് ചാർജ് ഈടാക്കുന്നത്.  മീനച്ചിലാറ്റിൽ വെള്ളമില്ലെങ്കിലും വാട്ടർ അതോറിറ്റിയുടെ പമ്പ് പ്രവർത്തിക്കുന്നില്ലെങ്കിലും നഗരസഭ വെള്ളമെടുക്കുന്നതായി കണക്കാക്കപ്പെടും.
നിലവിലുള്ള കണക്ഷനുകളിൽ മീറ്റർ ഘടിപ്പിച്ചു ഒരു മാസം ലഭിക്കുന്ന വെള്ളത്തിൻ്റെ അളവ് കണക്കാക്കി നിലവിലുള്ള കണക്ഷനുകൾക്കു ബില്ല് ലഭ്യമാക്കാൻ വാട്ടർ അതോററ്റിക്കു കത്തു കൊടുക്കാനാണ് നഗരസഭ ആലോചിക്കുന്നത്. മുൻ കാലങ്ങളിലേതുൾപ്പെടെയുള്ള കോടികളുടെ ബാധ്യത അടച്ചു തീർക്കേണ്ടി വന്നാൽ  നഗരസഭയുടെ നട്ടെല്ലൊടിയും. വലിയ തോതിൽ വാട്ടർ അതോററ്റി വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ വൻ തുക ബാധ്യതയാകും. ഇത് നഗരത്തിൻ്റെ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് മാറും.  

Post a Comment

0 Comments