പാലാ: കോവിഡ് വ്യാപനത്തിനെതിരെ പൊതുജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം നിലനിൽക്കുമ്പോൾ കുട്ടികൾ വേദപാഠ കുർബാനയിൽ പള്ളിയിൽ എത്തി പങ്കെടുക്കണമെന്ന പള്ളി അധികൃതരുടെ നിർദ്ദേശം ആശങ്കാജനകമാണെന്ന് മാതാപിതാക്കന്മാർ. പാലാ കത്തീഡ്രൽ പള്ളി ഇടവകയിലാണ് ജൂലൈ 3 ന് നടന്ന കുർബാനയ്ക്കിടെയാണ് ഞായറാഴ്ച മുതൽ കുട്ടികൾ വേദപാഠ കുർബാനയിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളത്.
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തിക്കൊണ്ടിരിക്കുന്ന ഘട്ടമാണിതെന്നും സമ്പർക്കത്തിലൂടെ രോഗവ്യാപനം റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നും അതിനാൽ പുറത്തു പോകുന്നത് കുറയ്ക്കണമെന്നും പൊതു സ്ഥലങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ എം അഞ്ജന കഴിഞ്ഞ ദിവസം നിർദ്ദേശം പുറപ്പെടുവിച്ച സാഹചര്യം കണക്കിലെടുക്കാതെ കുട്ടികളെ പള്ളിയിൽ വിടണമെന്നു പറയുന്നതിൽ ആശങ്ക ഉണ്ടെന്നും രക്ഷിതാക്കൾ പറയുന്നു.
ഞാറാഴ്ച മുതൽ വേദപാഠ കുർബാന 12 ഉം 11 ഉം ക്ലാസുകളിലുള്ളവർക്കു രാവിലെ 6 മണി, 10 ഉം 9 ഉം 8 മണി, 8 ഉം 7 ഉം 10 മണി, 6 ന് 12 മണി എന്നിങ്ങനെ ക്രമീകരിച്ചിട്ടുണ്ടെന്ന് കുർബാന മധ്യേ വിശ്വാസികളെ അറിയിച്ചിട്ടുണ്ട്. അതിൽ താഴെയുള്ള കുട്ടികൾ എത്തേണ്ടതില്ലെന്നും പറഞ്ഞിട്ടുണ്ട്.
ഒരു ബാച്ചിൽ കുറഞ്ഞത് 100 പേരുണ്ടാകുമെന്ന് പറഞ്ഞ അധികൃതർ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ കുട്ടികളായതിനാൽ ഇതൊന്നും ഫലപ്രദമാകില്ലെന്നു രക്ഷിതാക്കൾ പറയുന്നു. കുട്ടികൾ പുതിയ പള്ളിയിലും മുതിർന്നവർ പഴയ പള്ളിയിലും കുർബാനയിൽ പങ്കെടുക്കണമെന്ന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. ഈ നിർദ്ദേശം പറഞ്ഞതിനു പിന്നാലെ ഓൺലൈൻ കുർബാന റദ്ദാക്കിയതായും അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ കുട്ടികൾ പള്ളിയിൽ എത്തണമെന്ന നിർദ്ദേശവുമായി വേദപാഠ അധ്യാപകർ വാട്ട്സ്ആപ്പ് സന്ദേശവും മാതാപിതാക്കൾക്കു അയച്ചിട്ടുണ്ട്.
അത്യാവശ്യ സാധനങ്ങൾ താമസസ്ഥലത്തു സമീപത്തു നിന്നും വാങ്ങണമെന്നു പോലും കളക്ടർ പറഞ്ഞ സാഹചര്യത്തിൽ കുട്ടികൾ കൂട്ടം കൂടുന്ന സാഹചര്യം സൃഷ്ടിക്കുന്ന നിർദ്ദേശം രക്ഷിതാക്കളിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. സ്കൂളുകൾ പോലും അടച്ചിട്ടിരിക്കുന്ന സാഹചര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധിതർ സമീപ പ്രദേശത്തു വരെ വന്നിട്ടുള്ള സാഹചര്യത്തിൽ ഈ നടപടി അനുചിതമാണെന്നും തീരുമാനം പിൻവലിക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.