Subscribe Us



നീലൂര്‍ പെരുംകുന്ന് - ലൈസന്‍സ് നേടാന്‍ കുറുക്കുവഴികളുമായി പാറമട ലോബി


രാമപുരം: കടനാട് പഞ്ചായത്തിലെ നീലൂര്‍ പെരുംകുന്ന് മലനിരകള്‍ തകര്‍ക്കാന്‍ പാറമട ലോബി കുറുക്കുവഴികള്‍ തേടുന്നു. മൂന്ന് വന്‍കിട പാറമടകളും ക്രഷര്‍ യൂണിറ്റും ആരംഭിക്കാനുള്ള നീക്കങ്ങളാണ് ശക്തമായി നടക്കുന്നത്. നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ശക്തമായ പ്രതിക്ഷേധവുമായി രംഗത്തെത്തിയതോടെ പാറമട ലോബി തന്ത്രങ്ങള്‍ മാറ്റുകയാണ്. പെരുംകുന്ന് മലനിരകളുടെ അടിവാരത്തും മധ്യഭാഗത്തും നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ലൈസന്‍സ് കൈക്കലാക്കുന്നതിന് വിവിധ വകുപ്പുകളെ പാറമട ലോബി കബളിപ്പിക്കുന്നത്. ജനവാസം ഇല്ല എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ മലനിരകളുടെ ഒരുഭാഗം മാത്രമാണ് പാറമട ലോബി കാണിക്കുന്നത്. മറുഭാഗത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. വന്‍കിട പാറമടകളും ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചാല്‍ പ്രദേശത്തെ ജനജീവിതം ദുസ്സഹമാകും. പ്രായമായവരും കുട്ടികളും രോഗികളായി മാറും. ശ്വാസകോശ സംബന്ധമായതും, അലര്‍ജി ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ പടര്‍ന്നുപടിക്കും. നൂറുകണക്കിന് ഏക്കര്‍ സ്ഥലങ്ങളാണ് മൂന്ന് പാറമട ലോബികളും കൂടി സ്വന്തമാക്കിയിട്ടുള്ളത്. രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനു പുറമെ പ്രദേശത്തെ കൃഷികളും നശിക്കും. കാലാവസ്ഥയ്ക്ക് തന്നെ മാറ്റം വരും. റബ്ബര്‍ ഉള്‍പ്പെടെയുള്ള എല്ലാ കൃഷികളും നശിക്കും. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും. പാറമട ലോബിയ്ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ശക്തമായ പ്രതിക്ഷേധം നേരിടേണ്ടി വരുമെന്നും സമരസമിതി മുന്നറിയിപ്പ് നല്‍കുന്നു.

Post a Comment

0 Comments