പാലാ: പാലാ നഗരവും മീനച്ചിൽ താലൂക്കും ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ നേരിടുകയാണ്. മുമ്പെങ്ങുമുണ്ടാവാത്ത വിധത്തിൽ മീനച്ചിൽ താലൂക്കിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇന്നലെ രാവിലെ പത്തു മണിയോടെ ആരംഭിച്ച വെള്ളം വരവിന് രാത്രി പത്തിനു ശേഷമാണ് കുറവ് അനുഭവപ്പെട്ടത്. അപ്പോഴേയ്ക്കും പാലാ നഗരമടക്കം വെള്ളത്തിനടിയിൽ ആയി. വളരെ സാവധാനം വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. കയറിയ വെള്ളത്തിൽ അരയടി വെള്ളമാണ് നിലവിൽ ഇറങ്ങിയിട്ടുള്ളത്. എന്നാൽ രാവിലെ ചെറിയ തോതിൽ മഴ ആരംഭിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ ട്രാൻസ്ഫോർമറുകൾ വെള്ളത്തിനടിയിൽ ആയതോടെ കെ എസ് ഇ ബി വൈദ്യുതി വിതരണം നിറുത്തിവച്ചു. പാലായുടെ ചരിത്രത്തിൽ ആദ്യമാണ് ഇത്രയേറെ സ്ഥലങ്ങളിൽ കെ എസ് ഇ ബി വൈദ്യുതി വിതരണം ഒറ്റയടിക്ക് നിറുത്തി വച്ചിരിക്കുന്നത്.
ഇന്നലെ പകൽ സമയത്ത് വെള്ളം കയറാൻ തുടങ്ങിയതോടെ വിവിധയിടങ്ങളിൽ വ്യാപാരികൾ കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാൻ തുടങ്ങിയതിനാൽ കാര്യമായ നഷ്ടം ഒരിടത്തും റിപ്പോർട്ടു ചെയ്തിട്ടില്ല. എന്നാൽ വെള്ളം കയറി കടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ വ്യാപാരികൾക്കു തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
വലിയ തോതിലുള്ള ഉരുൾപൊട്ടൽ ഉണ്ടാകാതിരിന്നിട്ടുപോലും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. മഴക്കെടുതിയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടു നിലവിൽ പാലാ മേഖലയിൽ ഒരു മരണം മാത്രമാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
ഇത്തവണത്തെ വെള്ളപ്പൊക്കം പാലാക്കാർ ഗൗരവമായി തന്നെ എടുത്തിട്ടുള്ളതിനാൽ വെള്ളപ്പൊക്കം ആഘോഷമാക്കുന്ന കാഴ്ച ഒരിടത്തും ദൃശ്യമല്ലായിരുന്നു. കോവിഡ് വ്യാപന ഭീതിയും ഇതിനു പിന്നിലുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാത്രി മഴ ഇല്ലാതിരുന്നതിനാൽ വെളുപ്പിന് ഒരു മണിയോടെ വെള്ളം വരവിന് നേരിയ കുറവുണ്ടായി. കയറിയ വെള്ളം ഇപ്പോൾ അരയടി മാത്രമാണ് നഗരത്തിൽ താഴ്ന്നിരിക്കുന്നത്. കോട്ടയം മേഖലയിലേയ്ക്കു പോകുന്ന വെള്ളം വേമ്പനാട്ടു കായലിൽ പതിക്കുന്നത് അനുസരിച്ചു മാത്രമായിരിക്കും ഈ മേഖലയിലെ വെള്ളത്തിൻ്റെ അളവിന് കുറവ് വരുത്തുകയുള്ളൂ. കനത്ത മഴയും ഉരുൾപൊട്ടലും ഉണ്ടായാൽ ഇനിയും ജലനിരപ്പ് ഉയർന്നു വരാനുള്ള സാധ്യത നിലനിൽക്കുകയാണ്. മഴ കുറഞ്ഞ് വരവ് നിലച്ചാലും വെള്ളം ഇറങ്ങിപ്പോകാൻ ഒട്ടേറെ സമയമെടുക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
പ്രധാന റോഡുകളിലെ ഗതാഗതം വെള്ളം കയറിക്കിടക്കുന്നതിനാൽ തടസ്സപ്പെട്ടുകിടക്കുകയാണ്. പല റോഡുകളിലും നിലയില്ലാത്ത രീതിയിലാണ് വെള്ളം കയറിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി പാർപ്പിച്ചു.
രാത്രി നിലച്ച മഴ ഇന്ന് രാവിലെ ചെറിയ തോതിൽ ആരംഭിച്ചിട്ടുണ്ട്. ആകാശം പൂർണ്ണമായും മേഘാവൃതമായി തന്നെ തുടരുകയാണ്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.