പാലാ: ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന വിലപ്പെട്ട രേഖകൾ വെള്ളപ്പൊക്കത്തിൽ കുതിർന്നു നശിച്ചതായി പരാതി. പാലാ കൊട്ടാരമറ്റത്ത് പ്രവർത്തിച്ചിരുന്ന ബാങ്ക് ഓഫ് ഇന്ത്യയിലെ ഉപഭോക്താവിൻ്റെ രേഖകളാണ് ലോക്കറിൽ ഇരുന്ന് വെള്ളം കയറി നശിച്ചത്. വെള്ളം കയറി ഇറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞ് ലോക്കറിൻ്റെ വാടക അടയ്ക്കാൻ ചെന്നപ്പോഴാണ് വെള്ളം കയറിയ വിവരം പറഞ്ഞതെന്ന് ഉപഭോക്താവ് പറഞ്ഞു. എൻ ആർ ഐ യുടെ 65 വയസു കഴിഞ്ഞ മാതാവാണ് ഉപഭോക്താവ്. വെള്ളം കയറിയ വിവരം കാണിച്ച് ഇ മെയിൽ നൽകാനുള്ള മര്യാദപോലും ബാങ്ക് അധികൃതർ കാണിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.
മൂന്നാനി സ്വദേശി എൽസമ്മയുടെ പേരിലെടുത്ത ലോക്കറിലെ സാമിഗ്രികളാണ് വെള്ളത്തിൽ കുതിർന്ന് നശിച്ചത്. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തിലാണ് ലോക്കറിൽ വെള്ളം കയറിയത്. ആധാരമടക്കമുള്ള ചില രേഖകൾ ലാമിനേറ്റ് ചെയ്തിരുന്നതിനാൽ അവയ്ക്ക് കാര്യമായ തകരാറുണ്ടായിട്ടില്ലെന്നു ഉപഭോക്താവ് പറഞ്ഞു.
ബാങ്ക് പ്രവർത്തിച്ചിരുന്ന കൊട്ടാരമറ്റം ഭാഗം പാലായിൽ ആദ്യം വെളളം കയറുന്ന ഭാഗമാണ്. വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പും മുൻകാല അനുഭവവും ഉപഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.
വെള്ളം കയറുമെന്ന് ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ലെന്ന് ഉപഭോക്താവ് പറയുന്നു. എന്നാൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നു ഉപഭോക്താവിനെ അറിയിച്ചിരുന്നതായി ബാങ്ക് മാനേജർ പറഞ്ഞു. വെള്ളം കയറാൻ സാധ്യത കൂടിയ ഭാഗത്ത് ലോക്കർ സ്ഥാപിച്ചത് ബാങ്ക് അധികൃതരുടെ അനാസ്ഥയാണ്. വർഷം തോറും ലോക്കറിന് വാടക ഈടാക്കുന്ന സാഹചര്യത്തിൽ സാധനങ്ങൾ സുരക്ഷിതമായി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അധികൃതർക്കുണ്ടെന്ന് ഉപഭോക്താവ് പറയുന്നു.
ലോക്കറിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ഉപഭോക്താവിന് മാത്രമാണെന്നാണ് ബാങ്കിൻ്റെ വാദം. ഇതിനെതിരെ പരാതി നൽകുമെന്ന് ഉപഭോക്താവ് അറിയിച്ചു. ബാങ്കിലെ മറ്റു സാധനങ്ങൾ വെള്ളം കയറാതെ സംരക്ഷിച്ചിട്ടും ലോക്കറിൽ വെള്ളം കയറാതിരിക്കാൻ നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണ്. കൊട്ടാരമറ്റത്തുനിന്നും ബാങ്ക് ശാഖ ഇപ്പോൾ ചെത്തിമറ്റത്തേയ്ക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.