എന്തൊരു ഗതികേടാണിത്? വളരെ നിസാരമായി പരിഹരിക്കാവുന്ന ഒരു അപാകത പരിഹരിക്കേണ്ടതാണെന്നു ജനകീയ നേതൃത്വങ്ങൾക്കു ബോധ്യപ്പെടണമെങ്കിൽ കുറഞ്ഞത് അഞ്ച് ജീവനുകൾ പൊലിയണം.
പറഞ്ഞു വരുന്നത് പാലാ പുലിയന്നൂരിൽ റോഡ് നിർമ്മാണത്തിലെ അപാകതയെക്കുറിച്ചാണ്. നാട്ടുകാരും പത്രമാധ്യമങ്ങളും നിരന്തരമുണ്ടാകുന്ന അപകടങ്ങൾ പല ഘട്ടങ്ങളിലായി ചൂണ്ടിക്കാട്ടിക്കൊണ്ടിരുന്നു. ആരും മുഖവിലയ്‌ക്കെടുത്തില്ല. മാധ്യമ റിപ്പോർട്ടുകൾപ്രകാരം ഇവിടെ രണ്ടു വർഷത്തിനിടയിൽ ചെറുതും വലുതുമായ 22 അപകടങ്ങളാണ് നടന്നിരിക്കുന്നത്. 5 പേരുടെ ജീവൻ നഷ്ടമായി. 76 പേർക്കാണ് പരിക്കുകൾ പറ്റിയത്. 3 പേർ ശയ്യാവലംബികളുമായി. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിയുടെ ജീവൻ ഇവിടെ അപകടത്തിൽ പൊലിഞ്ഞു.
ഇതോടെ തിരക്കിട്ട് യോഗമായി, നിർദ്ദേശങ്ങളായി. അതെത്രയ്ക്ക് ഫലവത്താകുമെന്ന് കണ്ടറിയണം. ഔദ്യോഗിക തലത്തിൽ ചെറിയ ഒരു നടപടി വേണമെങ്കിൽ മരണം അനിവാര്യമാണെന്ന ഗതികേടിലൂടെയാണ് ജനം കടന്നു പോകുന്നത്. ലക്ഷങ്ങൾ ശമ്പളം പറ്റുന്ന പൊതുമരാമത്ത് വകുപ്പിലെ പുംഗവൻന്മാരാണ് റോഡ് തയ്യാറാക്കുന്നത്. പലവിധ പരിശോധനകൾക്കും ശേഷമാണത്രെ റോഡുകൾ തുറന്നുകൊടുക്കുന്നത്. ഇത്രയേറെ പണം നികുതി പണത്തിൽ നിന്നും നൽകി ഈ വേട്ടാവളിയന്മാരെ തീറ്റിപ്പോറ്റുമ്പോൾ മിനിമം ഗ്യാരണ്ടി എങ്കിലും വേണ്ടതല്ലേ. റോഡ് നിർമ്മാണത്തിലെ അപാകതകൾമൂലം അപകടങ്ങളും മരണങ്ങളും ഉണ്ടായാൽ ഉത്തരവാദികൾ പൊതുമരാമത്ത് ഉദ്യോഗസ്ഥർ മാത്രമാണ്. ഇവർക്കെതിരെ നരഹത്യയ്ക്കടക്കം കേസെടുകളെടുത്ത് നടപടികൾ സ്വീകരിച്ചാൽ മാത്രം മതി റോഡിലെ അപാകതകൾമൂലം അപകടങ്ങളുടെ എണ്ണം ഇല്ലാതാക്കാൻ.
ജനകീയ നേതൃത്വങ്ങളുടെ പിടിപ്പുകേടിലേയ്ക്കാണ് ഇത്തരം ദുരന്തങ്ങൾ വിരൽ ചൂണ്ടുന്നത്. ശരിയായ രീതിയിലല്ല റോഡു നിർമ്മാണം എന്നു ബോധ്യപ്പെടുന്ന ആദ്യഘട്ടത്തിൽ തന്നെ നടപടികൾ സ്വീകരിക്കാൻ ഇവർ തയ്യാറാകാത്തതെന്തുകൊണ്ടാണ്. ഇവരുടെ കുറ്റകരമായ മൗനം എപ്പോഴും കുറ്റവാളികളായ ഉദ്യോഗസ്ഥർക്കു വളമാകുന്ന കാഴ്ചകളാണ് എവിടെയും.
നമ്മുടെ ജനകീയ നേതൃത്വങ്ങൾക്ക് വേണ്ടത് ഇച്ഛാശക്തിയാണ്. അതുണ്ടായിരുന്നെങ്കിൽ 5 മരണങ്ങളും 76 ദുരിതജീവിതങ്ങളും പുലിയന്നൂരിൻ്റെ മണ്ണിൽ നിന്നും ഉണ്ടാവുമായിരുന്നില്ല.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.