Subscribe Us



മുന്നണി മാറ്റം: വൈറലായി കെ എം മാണിയുടെ സന്തതസഹചാരിയായിരുന്ന സിബി പുത്തേട്ടിൻ്റെ കുറിപ്പ്

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻ്റെ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കാൽ നൂറ്റാണ്ടോളം കെ എം മാണിയുടെ സന്തത സഹചാരിയായിരുന്ന സിബി പുത്തേട്ട് എഴുതിയ കുറിപ്പ്  സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

സിബി പുത്തേട്ടിൻ്റെ കുറിപ്പ്

അതുല്യപ്രതിഭയായ  മാണിസാറിനൊടൊപ്പം വർഷങ്ങളോളം കേരള രാഷട്രീയത്തിലെയും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെയും ഗതിവിഗതികൾ കണ്ട് പരിചയിച്ച എനിക്ക് നിലവിലുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളിൽ അതികഠിനമായ ദു:ഖവും വേദനയുമുണ്ട്. 

മാണിസാറിന്റെ മരണശേഷം നാളിതുവരെ നടന്ന എല്ലാ സംഭവ വികാസങ്ങളെയും ഞാൻ മൂകമായി വീക്ഷിക്കുകയായിരുന്നു. നിലവിലെ രാഷട്രീയ സാഹചര്യത്തിൽ എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ തുറന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ആദ്യമേ പറയട്ടെ, മാണിസാർ ചോര നീരാക്കി കെട്ടിപ്പടുത്ത കേരളാ കോൺഗ്രസ്  പ്രസ്ഥാനത്തെ എന്തിന്റെ പേര് പറഞ്ഞായാലും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾക്ക് മുമ്പിൽ തന്നെ കേവലം സ്ഥാനമാനങ്ങൾക്ക് വേണ്ടി  അടിയറവു വയ്ക്കുവാൻ തയ്യാറെടുക്കുന്നവരോട് എനിക്ക് സഹതാപം മാത്രം...

ബാർ കോഴ അഴിമതിയുടെ പേരും പറഞ്ഞ്, നിയമസഭയിലടക്കം അക്രമങ്ങൾ അഴിച്ച് വിട്ട് മാണിസാറിന്റെ മരണം വരെ നിരന്തരം  വേട്ടയാടിയവർ

 മിസ്റ്റർ മാണി, കെടാത്ത തീയും ചാവാത്ത പുഴുവുമുള്ള നിത്യ നരകത്തിലേക്ക് പോവുമെന്ന് പറഞ്ഞവർ, 

 കെ. എം. മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷ്യൻ ഉണ്ടെന്ന് പറഞ്ഞവർ.

കെ.എം മാണിയെ അഴിമതിയുടെ പര്യായമാക്കി മാറ്റി മന്ത്രി സ്ഥാനം  രാജി വപ്പിച്ചവർ; "

 മാണി സാറിന്റെ സ്വപ്ന പദ്ധതിയായ കാരുണ്യാ പദ്ധതിയോട് പോലും കാരുണ്യം കാണിക്കാത്തവർ......

 അവരോട് എന്തിന്റെ പേര് പറഞ്ഞ് സമരസപ്പെടാൻ അവശേഷിക്കുന്ന കേരളാ കോൺഗ്രസ് വിഭാഗത്തിന് കഴിയും? 

മാണിസാർ മരിക്കുമ്പോഴും ഒപ്പത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയെന്ന നിലയിൽ അടിച്ചുറച്ച് തന്നെ പറയട്ടെ , ബാർ കോഴ വിഷയം മാണി സാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ കരിനിഴലായിരുന്നു. ആ രാഷ്ട്രീയ കൊടുങ്കാറ്റിലും  ഉലയാതെ സാറിനെ
നിയമസഭക്കകത്തും പുറത്തും സംരക്ഷിച്ചത് കോൺഗ്രസ് പാർട്ടിയും  യു ഡി എഫും  ആയിരുന്നു. യുവമോർച്ചയുടെയും ഇടത് യുവജന സംഘടനകളുടെയും കരിങ്കൊടികൾക്കും കേട്ടാലറക്കുന്ന അസഭ്യ വർഷത്തിനുമിടയിലൂടെ വാഹനത്തിൽ  കടന്ന് പോകുമ്പോൾ മാണിസാറിന്റെ മനസ്സ് വിതുമ്പുന്നത് ഞാൻ  തൊട്ടറിഞ്ഞതാണ്. യു ഡി എഫ് എന്ന സ്വന്തം  ഗൃഹം ഉപേക്ഷിച്ചു  പോകുമ്പോൾ ബൈബിൾ ഉപമയിലെ ധൂർത്ത പുത്രന്റ  മുഖം ആകരുത് കെ എം മാണി അവശേഷിപ്പിച്ച രാഷ്ട്രീയ പാരമ്പര്യത്തിന്.....

 ആകർഷകങ്ങളായ ഒരുപാട് ലാവണങ്ങളും,  വാഗ്ദാനം ചെയ്ത   അധികാര പ്രലോഭനങ്ങളും തരണം ചെയ്താണ് മാണി സാർ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത്.

അന്ന് ഉള്ളതും ഇന്ന് നഷ്ടപ്പെട്ടതുമായ പലതും ഇന്ന് ഒരു തീരാശാപം പോലെ കേരളാ കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തെ വേട്ടയാടുന്നു.

മാണിസാർ ഒരു  നല്ല കേൾവിക്കാരനായിരുന്നു.
പക്ഷേ കേൾക്കുന്നതെല്ലാം അപ്പാടെ വിശ്വസിക്കുന്ന പ്രകൃതം സാറിനില്ലായിരുന്നു. മാത്രവുമല്ല വിഷയങ്ങളിൽ ആരും എന്തും പറയട്ടെ.
അവസാന തീരുമാനം അത് മാണിസാറിന്റെത് മാത്രമായിരുന്നു.
കൂട്ടിയും കിഴിച്ചും ന്യായാന്യായങ്ങൾ പഠിച്ചും വികാരത്തിന് അടിമപ്പെടാതെയും എടുക്കുന്ന നല്ല തീരുമാനങ്ങളായിരുന്നു മാണിസാറിന്റേത്.

രാഷട്രീയം എന്നത് ഒരു കലയായി സാറ് കൊണ്ടു നടന്നു.മാണി സാറിന് വലയം തീർക്കാൻ ജന പിന്തുണയുടെ ചക്രവ്യൂഹം ഉണ്ടായിരുന്നു. സൈബർ വിങ്ങുകൾക്ക് പിന്നാമ്പുറത്ത് കോലായിൽ പോലും ഇടമില്ലായിരുന്നു. 

സൈബർ ആക്രമണവും സൈബർ ഗുണ്ടായിസവും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ  അരങ്ങ് തകർക്കുന്നത് താത്ക്കാലിക വിജയം നൽകിയേക്കാമെങ്കിലും സാംസ്ക്കാരിക പ്രബുദ്ധതയുള്ളവർ ഇക്കൂട്ടരെ അർഹിക്കുന്ന അവജ്ഞയോടെ പുശ്ചിച്ച് തള്ളുക തന്നെ ചെയ്യും എന്ന വിവേകം ഇന്നത്തെ പാർട്ടി നേതൃത്വത്തിന് എവിടെയോ നഷ്ടപ്പെട്ടു പോയി.

തന്നോട് വഴക്കിടുന്നവരോടും മാന്യമായി പെരുമാറി അവരുടെ കൂടി പിന്തുണ നേടിയെടുക്കാനുള്ള അപാരമായ കഴിവ് സാറിനുണ്ടായിരുന്നു.  എന്നാൽ ഇപ്പോൾ
രാഷ്ട്രീയമായി എതിർക്കുന്നവരെ വെറുപ്പിച്ച് അവരെ കൂടുതൽ അകറ്റാനും ആജന്മ ശത്രുക്കളാക്കി മാറ്റാനും  വെമ്പൽ കൊള്ളുന്ന ഇന്നത്തെ നേതൃത്വ  സമീപനത്തിലാണ്  
കേരളാ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ശാപം കുടികൊള്ളുന്നത്.

രാഷട്രീയത്തിലും വ്യക്തി ജീവിതത്തിലും ചില സന്ദർഭത്തിൽ വിട്ടുവീഴ്ച്ചകൾ ചെയ്യേണ്ടി വരും.

 മാണി സാറിന്റെ ഭാഷയിൽ ഒന്നും ഒരു വിഷയവും  പ്രസ്റ്റീജ് ആയി എടുക്കരുത്. ഇത് ഇല്ലാതെ പോയതാണ് ഇന്നത്തെ രാഷ്ട്രീയ ദുരവസ്ഥയുടെ പ്രധാന കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു.

സ്തുതി പാഠകരെത്തുമ്പോൾ അവരുടെ പുകഴ്ത്തലുകളിൽ താൻ സന്തോഷിച്ചുവെന്ന് അവരെ ബോധ്യപ്പെടുത്തി വിടാൻ സാറിന് വലിയ ഒരു മെയ് വഴക്കം ഉണ്ടായിരുന്നു. എന്നാൽ അവരുടേത് കേവലം മേനിപറച്ചിൽ മാത്രമാണെന്നും അതിന് വില കൊടുക്കേണ്ടതില്ല എന്നും ഉള്ള ചിന്ത മാണിസാറിൽ എപ്പോഴും രൂഢമൂലമായി ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ അതും കേരളാ കോൺഗ്രസിന്റെ പുതു നേത്യത്വത്തിന് നഷ്ടമായി.  അതിന്റെ  അനന്തര ഫലമാണ് ഇന്ന് നാം കേരള കോൺഗ്രസിന്റെ തകർച്ചയായി കാണുന്നത്.

 തലമറന്നെണ്ണ തേക്കരുത് എന്ന് മാണിസാറിന്റെ ആത്മാവ് സ്വർഗ്ഗത്തിലിരുന്ന് മന്ത്രിക്കുന്നത് എനിക്ക് കേൾക്കാം.

ആരെയെങ്കിലും  വിമർശിക്കുവാനോ, കുറ്റവിചാരണ നടത്തുവാനോ അല്ല, മറിച്ച് ഇത് ഇപ്പോഴെങ്കിലും പൊതു സമൂഹത്തോട് തുറന്ന് പറയേണ്ട ബാധ്യതയും,
ഉത്തരവാദിത്വവും ഏറെക്കാലം അദ്ദേഹത്തിന്റെ സഹായിയായി കൂടെയുണ്ടായിരുന്ന എനിക്കുണ്ട് എന്ന ഉത്തമബോധ്യമാണ്  ഈ എഴുത്തിന് എന്നെ പ്രേരിപ്പിച്ചത്.  
    
എതിർ വാദങ്ങളും, ദുരാരോപണങ്ങളും ചിലപ്പോൾ പ്രതികാര നടപടികൾ പോലും  എനിക്കെതിരെ ഉണ്ടായേക്കാം...  
എന്നാൽ,
രണ്ട് രണ്ടര പതിറ്റാണ്ടു കാലം കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ എല്ലാ അന്തർ നാടകങ്ങൾക്കും മൂക സാക്ഷിയായ എന്നെ ഭയപ്പെടുത്തുവാൻ  അതിനൊന്നും ആവില്ല.

 കാരണം കേരളാ കോൺഗ്രസ് പാർട്ടിയുടെ ശക്തിയും ദൗർബല്യവും എനിക്ക് കൃത്യമായി അറിയാം.

വീണ്ടുവിചാരമില്ലാത്ത അപക്വവും അബദ്ധജഡിലവുമായ ഇത്തരം തീരുമാനത്തിനൊപ്പം  മാണി സാറിന്റെ ആത്മാവും മനസ്സുമില്ല ....

ഞാനെന്നും മാണി സാറിന്റെ മനസ്സിനൊപ്പം ......

 സിബി മാത്യു പുത്തേട്ട്

 9447421199

Post a Comment

1 Comments

  1. സിബി പുത്തേട്ട് -ഈ 'മഹാൻ' ആരാണ് എന്ന് ജനം അറിയണം.മാണി സാറിന്റെ പ്രൈവറ്റ് സെക്രട്ടറി ആയി വർഷങ്ങളായി കൂടെ നിന്നു അദ്ദേഹത്തിന്റെ വിശ്വാസം പിടിച്ചു പറ്റി ഉണ്ടാക്കാൻ ആവുന്നത് മുഴുവൻ ഉണ്ടാക്കി ,എന്നിട്ട് തനി കൊണം ജോസ് കെ മാണി മനസിലാക്കിയപ്പോൾ പാർട്ടിയെ തള്ളി പറഞ്ഞു പി ജെ ജോസഫിൻറെ കൂടെ കൂടിയ ആസ്ഥാന നയ വഞ്ചകൻ.. കുറച്ചു കൂടി വ്യക്തം ആയി പറഞ്ഞാൽ കുലം കുത്തി.
    യു ഡി എഫിൽ ആയിരുന്ന സമയത്തു അതായത് കഴിഞ്ഞ മന്ത്രി സഭയുടെ സമയത്ത് മാണി സാറിനോട് എൽ ഡി എഫിൽ പോകാൻ ഉപദേശിക്കുകയും നിരവധി നേതാക്കന്മാരേ ഇതും പറഞ്ഞു കാണുകയും ചെയ്തു.മാണി സാർ മുഖ്യമന്ത്രി ആയാൽ ചീഫ് മിനിസ്റ്റർ സ്റ്റാഫ് ആയി കയറുക ആയിരുന്നു ലക്ഷ്യം. എന്നിട് ഇപ്പോൾ മുന്നണി വിടുന്നത് സംബന്ധിച്ച് വേശ്യയുടെ ചാരിത്ര്യ പ്രസംഗം നടത്തുന്ന നപുംസകം.മാണി സാറിനെ ചതിച്ചു കോടികൾ ഉണ്ടാക്കിയ ഷോപ്പിംഗ് കോംപ്ലസ്‌ ബംഗ്ളാവ് അടക്കം പറയാൻ കൊള്ളാത്ത പല വിഷയത്തിൽ വരെ പേരു കേൾപ്പിച ഈ മാന്യനെ എടുത്തു വെളിയിൽ കളഞ്ഞ ശ്രീ ജോസ് കെ മാണി എം പി യോട് നന്ദി.

    ReplyDelete

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.